ഓർമയൂണ്
ഒരുപാട് നാളുകൾക്കു മുൻപ് ഒരു ഞായറാഴ്ച്ച ഞാനൊരു പൊതിച്ചോറുണ്ടു. എന്റെ ഓർമയിലെ ഏറ്റവും സ്വാദുള്ള ഊണ്.
അമ്മയുടെ കുടുംബവീട് അടച്ചിട്ടിരിക്കയാണ്. ഞങ്ങൾ അവകാശികൾ ജീവിതം കരുപ്പിടിപ്പിക്കാൻ ആറ്റിങ്ങൽ താമസമാക്കി. അന്നൊക്കെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ അഞ്ചാളും (അച്ഛനും അമ്മയും ഞങ്ങൾ മൂന്ന് മക്കളും) കൂടി ഇറങ്ങും, വീടടിച്ചു വാരി വൃത്തിയാക്കാൻ. കാരേറ്റ് കട്ടയ്ക്കാൽ ആണ് വീട്. വയലും പുഴയും നിരപ്പല്ലാത്ത ഇടവഴികളും റബ്ബർ മരങ്ങളിൽ ഒളിച്ചിരുന്ന് ബഹളം വയ്ക്കുന്ന വവ്വാല്കളും ഉള്ള നാടിന് എന്റെ മനസ്സിൽ കളിമണ്ണിന്റെ മണമാണ്. അന്ന് കാറൊന്നുമില്ല. കബീർ എന്ന പച്ച ബസ്സിലാണ് പോകുന്നത്. പെട്ടിപ്പുറത്തു സീറ്റ് കിട്ടണേന്ന് പ്രാർത്ഥിച്ചാണ് ഞാൻ എന്നും ബസ്സിൽ കയറാറ്. അന്നത്തെ കൈയ്യെത്തിപ്പിടിക്കാവുന്ന ഏക adventure. ബസ്സിറങ്ങി വേരുകൾ വളർന്ന് പടികൾ രൂപപ്പെട്ട ഇറക്കം ഇറങ്ങി വീടെത്തുമ്പോൾ കുലച്ചു കിടക്കുന്ന ചാമ്പയ്ക്കകൾ കാണാം. വന്നയുടനെ അമ്മയും അച്ഛനും വീടിനു ചുറ്റും ഒന്ന് നടക്കും. ചാമ്പയ്‌ക്ക കടിച്ചു കൊണ്ട് വാല് പോലെ ഞങ്ങളും. ചാമ്പ മരത്തോട് ചേർന്ന് ഒരു കിണറുണ്ടായിരുന്നു. എന്തിന്റെയൊക്കെയോ ഇലകൾ അതിനു ചുറ്റും വീണു കിടപ്പുണ്ടാകും. വീടിന് അകത്തും പുറത്തും തകരാറുകളൊന്നും പറ്റിയിട്ടില്ലെന്ന് അമ്മ ഉറപ്പു വരുത്തും. പിന്നെ ശുചീകരണ മഹാമഹമാണ്. വീടും പറമ്പും അമ്മ അടിച്ചു വാരി വൃത്തിയാക്കും. വീടിന്റെ പൂട്ട് തുറന്ന് അകത്തു കയറിയാൽ ഒരു 'പഴയ' മണം വരും. ഇപ്പോഴും എന്തിന്റെ ആണെന്ന് തിരിച്ചറിയാത്ത ഒരു പ്രത്യേക മണം. ആ യാത്രകളെ പറ്റി ഓർക്കുമ്പോഴൊക്കെ ഇന്നും എനിക്കാ മണം കിട്ടും.
അങ്ങനെ ഒരു ദിവസമാണ് എന്റെ നാവ് ഇന്നേ വരെ അറിഞ്ഞതിൽ ഏറ്റവും രുചിയേറിയ ഊണ് ഞാൻ കഴിച്ചത്. അച്ചാറും പൊരിച്ച മീനും എല്ലാം വെച്ച് വാട്ടിയ ഇലയിൽ പൊതിഞ്ഞ പൊതിച്ചോറ്. ഞങ്ങൾ അച്ഛനും മക്കൾക്കും അമ്മ പൊതിഞ്ഞു കൊണ്ടു വന്ന അന്നം. അമ്മ സസ്യാഹാരിയാണ്. അമ്മയ്ക്ക് വേറെ പൊതി കരുതിയിരുന്നിരിക്കാം. പക്ഷെ അമ്മ അന്ന് ഭക്ഷണം കഴിച്ചു കണ്ട ഓർമ എനിക്കില്ല. ചിലപ്പോൾ വീട്ടിലെ പണിയെല്ലാം ഒതുക്കി ആകെ കിട്ടുന്ന അവധി ദിവസം ഭർത്താവിനെയും വഴക്കാളികളായ മൂന്ന് മക്കളെയും ഒരുക്കി ബസ്സിൽ തൂങ്ങി പിടിച്ചു വരാൻ നേരം പാവത്തിന് സ്വന്തം വിശപ്പിനെ പറ്റി ഓർക്കാൻ നേരമുണ്ടായിക്കാണില്ല. എന്റെ ഓർമയിൽ അന്ന് മാത്രമാണ് ഞങ്ങൾ ഒരിലയിൽ നിന്നും ചോറുണ്ടത്. ഇപ്പോഴും ഇതെഴുതുമ്പോഴും, സത്യം! എന്റെ നാവിൽ വെള്ളമൂറുന്നുണ്ട്.
ആ പഴയ അടുക്കളയിലെ തടിഡെസ്കിൽ ഇരുന്ന് കഴിച്ച ഈ ഓർമയൂണാണ് പത്തിരുപതു വർഷത്തിനിപ്പുറവും എന്റെ നാവിൽ കൊതിയുണർത്തുന്നത്.
അമ്മ വിളമ്പിപ്പൊതിഞ്ഞ ഇലച്ചോറ്....
അച്ഛൻ ഉരുട്ടി നാവിൽ വെച്ചു തന്ന ഉരുളകൾ....
Comments
Post a Comment