മരം ഒരു വരം
ഒ രിക്കൽ ഒരിടത്ത് രണ്ട് പൈൻ മരങ്ങളുണ്ടായിരുന്നു. അവർ ഒന്നിച്ചു പിറന്നു, ഒന്നിച്ചു വളർന്നു, ഒന്നിച്ചു പാടി, ഒന്നിച്ചാടി. അങ്ങനെ ഒരുനാൾ വേരുകൾ കൈകോർത്തു. പൈൻ മരങ്ങൾ പ്രണയത്തിലായി. പ്രണയം കൊണ്ട് പെൺമരം പൂവിട്ടു. ആൺമരം കുഞ്ഞുങ്ങളെ കാറ്റത്തു തൊട്ടിലാട്ടി. കുഞ്ഞുങ്ങൾ സ്വപ്നം കണ്ടുറങ്ങുമ്പോൾ കടക്കൽ കോടാലി തറഞ്ഞു കയറി.. പെൺമരം കടലാസ്സായി. ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും ഉണ്ടായി. പ്രണയവും വിരഹവും മഷിയെഴുതി. താരാട്ടും കണ്ണീരും മഷി പടർത്തി. ആൺമരം തീപ്പെട്ടികൂടിനുള്ളിൽ വീർപ്പുമുട്ടി. ശ്വസിക്കാൻ ഇടകിട്ടുമ്പോഴെല്ലാം അവൻ നിന്ന് കത്തി. ജപമന്ത്രങ്ങളായും മുദ്രാവാക്യങ്ങളായും ആർപ്പുവിളികളായും നിലവികളായും ചിലപ്പോഴെല്ലാം നിശബ്ദമായും അവൻ എരിഞ്ഞു വീണു. ആൺമരത്തിൻറെ അവസാനത്തെ കൊള്ളി ഊഴം കാത്തിരുന്നു. എരിഞ്ഞു തുടങ്ങിയപ്പോൾ ഒരു ഞരക്കം - നീയെന്നെ മറന്നോ? !!! പെൺമരത്തിന്റെ അവസാനത്തെ ചീള് കടലാസ്സ് ചാരമായി പറന്നുതുടങ്ങി ... ഇല്ലെന്ന് മറുപടി പറയും മുൻപ് തീക്കൊള്ളി മരിച്ചുപോയി. എരിയാതെ ഒരു തുണ്ട് കടലാസ്സ് കാറ്റിൽ പറന്നു.. അതിൽ എഴുതിയിരുന്നു "മരം ഒര