Posts

പറന്ന് പറന്ന് പറന്ന്...

പറന്നു നടന്ന അപ്പുപ്പൻതാടികളെ കൂട്ടിലടയ്ക്കാൻ വൃദ്ധസദനങ്ങൾ ഉണ്ടായിരുന്നില്ല

'ചിത്ര'ശലഭങ്ങൾ

നിങ്ങൾക്കറിയുമോ,   പൂർത്തിയാക്കും മുൻപ് ജീവൻ വെച്ച് പറന്നു പോയ ചിത്രങ്ങളാണ് ചിത്രശലഭങ്ങൾ... !!!

എന്റെ ജീവിതം എന്റെ തോന്നിവാസം

പച്ച നിറമുള്ള ആകാശത്തു ചുവന്ന മീനുകളെ വരച്ചു ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു... നോക്കണ്ട..  എന്റെ നിറങ്ങൾ കൊണ്ട് എൻറെ ആകാശം ഞാൻ വരയ്ക്കുമ്പോൾ അവിടെ  നിങ്ങളുടെ ചാരക്കറുപ്പ് ചേർക്കില്ല...

തോണി

ലോകാവസാനകാലത്ത് മഴവെള്ളപാച്ചിലിൽ ഒരു തോണി ഒഴുകി വന്നു.  "പങ്കായത്തിൽ ഒന്നു നീയും മറ്റേത് നിന്റെ ജീവന്റെ പാതിയും എടുത്തുകൊള്ളുക " ഇടിമുഴങ്ങി... ഞാനും നീയും തുഴഞ്ഞു. ദിശ തെറ്റാതെ തുഴഞ്ഞു;  മൂന്നാമത്തെ തുരുത്ത്  വരെ.. നാലാം തുരുത്തിനടുത്തു വെള്ളിടി വെട്ടിയപ്പോൾ ഞാൻ പേടിച്ചു നിന്നോട് ചേർന്നിരുന്നു..  ഇല്ല  നീയില്ല.. ഞാൻ തനിച്ചാണ്.. എന്റെ ലോകം ഇവിടെ അവസാനിച്ചോ.. 

എഞ്ചിനീയർ

തലയിണ കൊണ്ട് നാലു ചുവരും പുതപ്പു കൊണ്ടൊരു മേൽക്കൂരയും പണിഞ്ഞു അതിനുള്ളിൽ ചുരുണ്ടു കൂടിയപ്പോഴാണ് ആദ്യമായി ഞാനൊരു വീടുണ്ടാക്കിയത് ❤️മഴ❤️

സ്വപ്‌നങ്ങൾ സഞ്ചരിക്കുമ്പോൾ

രണ്ടു ചിന്തകൾ രണ്ടു ഹൃദയങ്ങളിൽ നിന്നും യാത്ര തുടങ്ങി. കാണാത്ത നിറങ്ങളും കേൾക്കാത്ത സ്വരങ്ങളും അറിയാത്ത രുചികളും നുകർന്ന് ഒരിടത്തു വെച്ച് അവർ കണ്ടുമുട്ടി.... കണ്ടതും കേട്ടതും അറിഞ്ഞതും പങ്കുവെച്ചു.. കേട്ട പാട്ടുകൾ മൂളി. ഉള്ളംകൈയിലൊതുക്കിയ രുചിയിൽ ഒരല്പം പകർന്നു നൽകി...  സ്വപ്നത്തിൽ നിന്നുണരേണ്ട സമയമായപ്പോൾ  'വീണ്ടും കാണാം' എന്ന് പറഞ്ഞു പിരിഞ്ഞു.  സൂര്യനും ചന്ദ്രനും മാറി മാറി ഉദിച്ചു.  മഴ പോലെ വെയിലും, വെയിൽ പോലെ മഴയും വന്ന്‌ പോയി. ചിന്തകൾ പിന്നെയും സഞ്ചരിച്ചു ; പക്ഷെ അപ്പോഴേക്കും കണ്ടിട്ടും അറിയാത്ത വിധം അവർ മാറിപോയിരുന്നു... 

മറവിയിൽ അലിയാത്ത എന്തോ ഒന്ന്

ഭൂമി തുരന്ന് ഒരു തുരങ്കമുണ്ടാക്കണം... ആകാശത്തിലേക്കൊരു തുരങ്കം..  ഇലകളുള്ള ആകാശം.  ചില്ലകളില്ലാതെ,  പച്ചപ്പില്ലാതെ മേഘത്തുണ്ടു പോലെ ഇലകൾ അങ്ങനെ ഒഴുകി നടക്കും.  അവിടെ വെച്ചാകും നമ്മൾ ഇനി തമ്മിൽ കാണുക. അവിടെ നിന്റെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി..  ആരും കണ്ടാൽ തിരിച്ചറിയാത്ത ഒരു നീ.. നീ എന്നെ മറന്നു പോയിട്ടുണ്ടാകും.  ആദ്യമായി കണ്ടത് പോലെ നമ്മൾ സംസാരിക്കും.  നിന്നോട് ഞാൻ നിർത്താതെ കഥകൾ പറയും. കഥയിലെവിടെയെങ്കിലും വെച്ച് നിന്റെ കണ്ണുകൾ വിടർന്നു തിളങ്ങും... അപ്പോൾ നീ എന്നെ  ഓർക്കും..  ആ  കണ്ണുകൾ പഴയത് പോലെ എന്നോട് കഥകൾ പറഞ്ഞു തുടങ്ങും...